ഫാത്തിമയുടെ മരണം: ഒടുവില്‍ ആരോപണ വിധേയനായ അധ്യാപകനെ ചോദ്യം ചെയ്യുന്നു

ചെന്നൈ: ഐ.ഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തിനുത്തരാവാദിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന കോളേജ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോഴും ആരോപണവിധേയരായ
അധ്യാപകര്‍ക്കെതിരേ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ക്രൈംബ്രാഞ്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടറെ ചോദ്യം ചെയ്തതിനു ശേഷമാണ് സുദര്‍ശനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇദ്ദേഹത്തോട് ക്യാംപസ്
വിട്ടുപോകരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ക്യാംപസില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ഗവര്‍ണര്‍ക്കും മദ്രാസ് ഐ.ഐ.ടി അധികൃതര്‍ക്കും ഫാത്തിമയുടെ കുടുംബം ഇന്ന് പരാതി നല്‍കി.

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും മകളുടെ ഘാതകര്‍ ശിക്ഷിക്കപ്പെടാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹായം വേണം. മാധ്യമങ്ങള്‍ ക്യാംപസിലെത്തി എന്റെ മകളെക്കുറിച്ച് അന്വേഷിക്കണം. അവളുടെ മരണത്തിലേക്കു നയിച്ച സംഭവത്തിന്റെ കാരണങ്ങള്‍ വിശദമാക്കാന്‍ അവളുടെ സഹപാഠികളെ കാണണം. ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. അതിന് നിങ്ങള്‍ കൂടെയുണ്ടാകണമെന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ പല കാര്യങ്ങളും വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. 25 ഓളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിരുന്നില്ല. ഇതാണ് അധ്യാപകന്റെ അറസ്റ്റ് വൈകാന്‍ കാരണമായത്.