ശബരിമല വിധി: സര്‍ക്കാറിനെതിരേ നവോത്ഥാന സമിതി, രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്നും ആരോപണം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ നിലപാടിനെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ
നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സ്റ്റേയില്ലെന്ന കാര്യം സര്‍ക്കാര്‍ മറക്കുകയാണ്. ഈ അവസരത്തില്‍ തല്‍ക്കാലത്തേക്ക് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയില്‍
സമര്‍പ്പിച്ച സത്യവാങ് മൂലത്തിനെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിലപാട് ഇരട്ടത്താപ്പാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണിപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറി തന്നെ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരേ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്. അപ്പോള്‍ നേരത്തെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തെതന്നെ വിസ്മരിക്കുകയായിരുന്നു.