സൗദിയില്‍ ഭീകര സംഘത്തില്‍പ്പെട്ടവര്‍ക്ക് ശിക്ഷ വിധിച്ചു; 25 വര്‍ഷം വരെ തടവ്

റിയാദ്: സൗദിയില്‍ വിദേശികള്‍ ഉള്‍പ്പെട്ട ഭീകര സംഘടനയിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഭീകര കേസുകള്‍ വിചാരണക്കെടുക്കുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വദേശികളും വിദേശികളും ഉള്‍പ്പെട്ട നാല്‍പത്തിയൊന്നംഗ ഭീകര സംഘത്തില്‍ മുപ്പത്തിയെട്ടു പേര്‍ക്കുള്ള ശിക്ഷയാണ് പ്രത്യേക കോടതി പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷം മുതല്‍ 25 വര്‍ഷം വരെയുള്ള കഠിന തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിദേശികളുടെ ശിക്ഷ പൂര്‍ത്തിയാകുന്നപക്ഷം നാട് കടത്തണമെന്നും വിധിയുണ്ട്. ഭീകര സംഘത്തിലെ ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവും രണ്ടാം പ്രതിക്ക് 20 വര്‍ഷം തടവും മൂന്നാം പ്രതിക്ക് 15 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. മറ്റുള്ള പ്രതികള്‍ക്ക് രണ്ടര വര്‍ഷം മുതല്‍ പന്ത്രണ്ടര വര്‍ഷം വരെ തടവാണ് ശിക്ഷ. സൗദി ഭരണാധികാരികളെയും സുരക്ഷാ സൈനികരെയും പണ്ഡിതരെയും അവിശ്വാസികളായി മുദ്രകുത്തല്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, അറസ്റ്റില്‍ കഴിയുന്നതിനിടെ സംഘത്തില്‍ ഒരാള്‍ രഹസ്യ ഭീകര സംഘടന സ്ഥാപിക്കല്‍, മറ്റു അംഗങ്ങള്‍ ഇയാള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്യല്‍, ദേശീയ സുരക്ഷക്ക് കോട്ടം തട്ടിക്കുന്നതിന് ലക്ഷ്യമിട്ട് മറ്റേതാനും തടവുകാരെ ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യല്‍, ദേശ സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന സന്ദേശങ്ങളും മറ്റും തയാറാക്കി സൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യല്‍ എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികള്‍ നേരിട്ടത്.