ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് സന്ദര്‍ശിച്ചതിന് പിന്നാലെ ഡി.ജി.പിയെ വിളിച്ചുവരുത്തി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനിയായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഡി.ജി.പിയെ വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞു.
ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് ഡി.ജി.പിയെ വിളിച്ചുവരുത്തിയത്. സംഭവത്തിന് ശേഷം നടന്ന അന്വേഷണത്തില്‍ തമിഴ്നാട് പോലീസിന് വീഴ്ച സംഭവിച്ചതായി പിതാവ് ലത്തീഫ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
മുറി സീല്‍ ചെയ്യുന്നതിലും ആത്മഹത്യാ കുറിപ്പ് എഫ്.ഐ.ആറിനൊപ്പം വെക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പോലീസ് നല്‍കിയില്ലെന്നും ലത്തീഫ് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഇതിനിടെ ഫാത്തിമ ലത്തീഫയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഐ.ഐ.ടി ക്യാംപസിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ, ഡി.എം.കെ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഐ.ഐ.ടി ഡയറക്ടറുടെ വാഹനം വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിഷേധ മാര്‍ച്ചും നടത്തി. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഫാത്തിമയുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് മേധാവിയോട് സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.