ഇന്‍ഡോറില്‍ മായങ്കിന് ഡബിള്‍; ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ശക്തമായ ലീഡ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകളെ 150 റണ്‍സിന് ചുരുട്ടി കെട്ടിയ ഇന്ത്യ, ആദ്യ ഇന്നിംഗിസില്‍ 6 വിക്കറ്റിന് 493 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചു. 343 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ക്രീസ് വിട്ടത്. 86 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് മായങ്കും (243) ചേതേശ്വര്‍ പൂജാരയും (54) ചേര്‍ന്ന് നല്‍കിയത്. 400 റണ്‍സിന് മേലെയാണ് ഇന്ത്യ ഒറ്റ ദിവസം കൊണ്ട് മാത്രം അടിച്ചു കൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും മായങ്കിന്റെ ബാറ്റില്‍ നിന്ന് 28 ബൗണ്ടറികളും എട്ട് സിക്‌സറുകളുമാണ് പിറന്നത്. നായകന്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി.