അടുത്ത 25 വര്‍ഷത്തേക്ക് ശിവസേന മുഖ്യമന്ത്രിയായിരിക്കും സംസ്ഥാനം ഭരിക്കുന്നതെന്ന് സഞ്ജയ് റാവത്

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ശിവസേന. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഞ്ചല്ല, 25 വര്‍ഷം സംസ്ഥാനം ഭരിക്കുമെന്ന് സേനാ വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന കക്ഷികള്‍ നേരത്തെ പൊതുമിനിമം പരിപാടിയില്‍ ധാരണയിലെത്തി. മഹാരാഷ്ട്രയുടെയും ജനങ്ങളുടെയും താത്പര്യത്തിന് ചേര്‍ന്ന പൊതുമിനിമം പരിപാടിയാണ് മൂന്ന് കക്ഷികളും ചേര്‍ന്നുണ്ടാക്കിയതെന്നും ശിവസേന അറിയിച്ചു. സഖ്യകക്ഷികളുമായി മുഖ്യമന്ത്രിപദം പങ്കിടുമോ എന്ന ചോദ്യത്തിന്, മഹാരാഷ്ട്രക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും, അടുത്ത 25 വര്‍ഷത്തേക്ക് ശിവസേന മുഖ്യമന്ത്രിയായിരിക്കും സംസ്ഥാനം ഭരിക്കുന്നതെന്നുമാണ് സഞ്ജയ് റാവത് പറഞ്ഞത്. എന്നാല്‍ എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായുണ്ടാക്കിയ ധാരണകളെ പറ്റി പാര്‍ട്ടി പുറത്ത് വിട്ടില്ല. മന്ത്രിസഭയിലെ 14 വീതം വകുപ്പുകള്‍ ശിവസേന – എന്‍.സി.പിക്കും, 12 വകുപ്പുകള്‍ കോണ്‍ഗ്രസിനും ലഭിക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.