‘മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കും’;മുഖ്യമന്ത്രിക്ക് മാവോയിസ്റ്റിന്റെ പേരില്‍ വധഭീഷണി കത്ത്

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയര്‍ത്തി കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് കാണിച്ച് മാവോയിസ്റ്റിന്റെ പേരിലുള്ള കത്ത് ലഭിച്ചത്. കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ട്. മഞ്ചിക്കണ്ടി ഉള്‍പ്പടെയുള്ളവയില്‍ പകരം ചോദിക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്. ഇതോടൊപ്പം പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു.