2018-ലെ വിധി ബാധകം; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ജസ്റ്റിസ് നരിമാന്‍

ഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ വിശാല ബഞ്ചിനു വിടാന്‍ ഉത്തരവിട്ട ജസ്റ്റിസുമാരില്‍ ഒരാള്‍ തന്നെ പഴയ വിധി നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്ത്. സുപ്രിം കോടതിയിലെ ജസ്റ്റിസ് ആര്‍.എഫ് നരിമാനാണ് മറ്റൊരു കേസ് പരിഗണിക്കവേ ഈ ആവശ്യം മുന്നോട്ടുവെച്ചത്. സോളിസിറ്റര്‍ ജനറലിനോടാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമോപദേശം തേടിയ സംസ്ഥാന സര്‍ക്കാരിന് നിലവിലെ സാഹചര്യത്തില്‍ യുവതീ പ്രവേശം വേണ്ടെന്ന് ഉപദേശം ലഭിച്ചതിനു പിന്നാലെയാണ് ഈ പരാമര്‍ശം പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് സുപ്രിം കോടതിയുടെ അന്തിമ തീരുമാനം വരുംവരേ നിലവിലെ സാഹചര്യം തുടരണമെന്ന് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. അതു നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതും. അതിനിടെ മറിച്ചൊരു അഭിപ്രായവുമായി നിയമജ്ഞന്‍ തന്നെ രംഗത്തുവന്നത് സര്‍ക്കാരിനെയും നിയമ വൃത്തങ്ങളെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ് വ്യക്തമാകുന്നത്. വിശാല ബെഞ്ച് കേസ് കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നതും ഈ ആശങ്കകളും അവ്യക്തതകളും നിലനില്‍ക്കുന്നതു കൊണ്ടുതന്നെയാണ്.