ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരെ അറസ്റ്റ് ചെയ്തു

കോട്ടക്കല്‍:  മലപ്പുറം പുതുപ്പറമ്പില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അബ്ദുല്‍ ഗഫൂര്‍ എടത്തൊടിക, മുഹമ്മദ് ഷരീഫ്, ബഷീര്‍ എലപ്പറമ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്. കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണെന്നാണ് കേസ് അന്വേഷിക്കുന്ന കോട്ടക്കല്‍ പോലീസ് നല്‍കുന്ന സൂചന. പെണ്‍കുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരായാണ് കൊലപാതക ശ്രമത്തിനും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുള്ളത്. ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായ ഷാഹിര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.