മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപികരണം; പൊതുമിനിമം പരിപാടിയുടെ കരട് തയ്യായി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ നടപ്പാക്കേണ്ട പൊതുമിനിമം പരിപാടിക്കു രൂപം നല്‍കിയതായാണു സൂചന. മൂന്നു പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ 48 മണിക്കൂര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പൊതുമിനിമം പരിപാടിയുടെ കരട് രൂപരേഖ തയാറാക്കി. കര്‍ഷക ലോണ്‍ എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് പദ്ധതി, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണു പൊതുമിനിമം പാരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണു സൂചന. വ്യാഴാഴ്ച ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹബ് തോറാത്തും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ശിവസേനാ നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയാണ് പൊതുമിനിമം പരിപാടിയില്‍ ധാരണയുണ്ടാക്കിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അടുത്ത ദിവസം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പൊതു മിനിമം പരിപാടിയുള്‍പ്പെടെ നടപടികളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. തോറാത്തും ജയന്ത് പാട്ടീലൂം വീണ്ടും ഉദ്ധവ് താക്കറയെ കാണുമെന്നു സൂചനയുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. പവാര്‍-സോണിയ കൂടിക്കാഴ്ചയ്ക്കു ശേഷമേ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമാകുമോ എന്നു വ്യക്തമാകൂ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കലഹിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്. 288 അംഗസഭയില്‍ സഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ കടുംപിടിത്തം മൂലം സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ല. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു.