വിധി നിലനില്‍ക്കേ മല ചവിട്ടാന്‍ തൃപ്തി ദേശായി അടക്കം 36 വനിതാ ആക്ടിവിസ്റ്റുകള്‍, തടയാന്‍ സംഘ് പരിവാര്‍

കൊച്ചി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച 2018 സെപ്തംബര്‍ 28ലെ വിധി പുനപരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ വെട്ടിലായി സര്‍ക്കാര്‍.
പുനപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാലബഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തോടെ നിലവിലെ വിധി തുടരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അങ്ങനെയെങ്കില്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള മറ്റൊരു മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍ വര്‍ഷത്തെപ്പോലെ ഈ മണ്ഡലകാലത്തും യുവതീപ്രവേശനം അനുവദിച്ചാല്‍ തടയുമെന്ന നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ രാഷ്ട്രീയമായും പ്രതിരോധത്തിലായി. പ്രവേശനത്തിനായി 36 യുവതികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകളും സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് മുന്നറിയിപ്പ് നല്‍കി. ഇത്തവണയും ശബരിമലയില്‍ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനായജ്ഞം നടത്തും. ഒരു കാരണവശാലും യുവതികളെ സന്നിധാനത്തേക്ക് കയറ്റിവിടില്ല. തങ്ങളെ മറികടന്ന് കയറാന്‍ ശ്രമിച്ചാല്‍ എങ്ങനെ നേരിടണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് നിലപാട് സ്വീകരിച്ച സര്‍ക്കാരിനെ കോടതി വിധി അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയെന്നാണ് പൊതുവിലയിരുത്തല്‍. കഴിഞ്ഞ മണ്ഡലകാലത്ത് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമല പ്രവേശനത്തിനെത്തിയ
യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ കടുത്ത സംഘര്‍ഷമാണ് ശബരിമലയിലുണ്ടായത്. ബി.ജെ.പി അടക്കമുള്ള സംഘപരവാര്‍ സംഘടനകളും ശബരിമല കര്‍മ സമിതിയും എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും സര്‍ക്കാരിന്റെ തിടുക്കത്തിനെതിരേ രംഗത്തുവരുകയും ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാര്‍ നിലപാടിനെതിരേ വിമര്‍ശനമുയര്‍ന്നു. ഇതുണ്ടാക്കിയ രാഷ്ട്രീയാഘാതത്തെ സി.പി.എമ്മും ഇടതു മുന്നണിയും അതിജീവിച്ചതിനു തൊട്ടുപിന്നാലെയാണ് ഭരണഘടനാബഞ്ചിന് വിട്ടുകൊണ്ടുള്ള പുതിയ വിധി. ഇതോടെ യുവതി പ്രവേശന വിഷയം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സര്‍ക്കാരും ഇടതു മുന്നണിയും. വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മല ചവിട്ടാന്‍ സന്നദ്ധതയറിയിച്ച്
തൃപ്തി ദേശായി അടക്കമുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നുകഴിഞ്ഞു. മറ്റ് 36 പേരുടെ അപേക്ഷയും സര്‍ക്കാരിന്റെ മുമ്പിലുണ്ട്. ഇതിന്റെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇവര്‍ വന്നാല്‍ തടയുമെന്ന് ബി.ജെ.പി ഉറപ്പു പറയുന്നു..
ഈ സാഹചര്യത്തില്‍ ഹിന്ദു സംഘടനകളുമായി സമവായ സാധ്യത തേടുമെന്ന് സൂചനയുണ്ട്. ഇതിന് ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കണമെന്നാണ്
ആവശ്യം. വീണ്ടുമൊരു സംഘര്‍ഷം രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കുമെന്നാണ് സര്‍ക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിധരിക്കപ്പെട്ടെന്ന് പറഞ്ഞപ്പോഴും യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ തിടുക്കത്തിനെതിരേ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നിസഹായാവസ്ഥ വ്യക്തമാക്കിക്കൊണ്ടാണ് വോട്ട് പിടിച്ചതും. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി വിധിയുടെ പേരില്‍ യുവതീപ്രവേശനത്തിന് സഹായം നല്‍കുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. അതിനിടെ ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. യുവതികളായപോലീസുകാരെ കൂടുതലായി
നിയമിക്കുന്നതടക്കം തീരുമാനം ഉണ്ടാകും.