പുന:പരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനമായില്ല; ഏഴ് കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിശാലബെഞ്ചിന് വിട്ടു

ഡല്‍ഹി: ശബരിമല പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിട്ടിട്ടില്ലെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. പുന:പരിശോധനാ ഹര്‍ജികളില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങളാണ് വിശാലബെഞ്ചിന് വിട്ടത്. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നതു വരെ ശബരിമലയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളിലും റിട്ട് പെറ്റീഷനുകളിലും തീരുമാനമെടുക്കില്ല.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളിലാണ് തീരുമാനമെടുക്കാനാണ്‌ വിശാലബെഞ്ചിന് വിട്ടത്
1. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അനുഛേദങ്ങളുടെ പരസ്പര ബന്ധം, പൊതുക്രമം, ധാര്‍മികത എന്നിവയുടെ വ്യാഖ്യാനം.
2. ഭരണഘടന ധാര്‍മികതയുടെ കീഴില്‍ വരുന്നത് എന്തൊക്കെ?
3. മതാചാരം എന്തെന്ന് കോടതി നിര്‍ണയിക്കേണ്ടതുണ്ടോ? അതോ മതമേധാവികള്‍ക്ക് വിടണോ?
4. അഭിവാജ്യ മതാചാരത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടോ?
5. ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്തെന്ന് പരിഗണിക്കണം.
6. ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?
7. വിഷയത്തില്‍ ബന്ധമില്ലാത്തവരുടെ ഹര്‍ജി പരിഗണിക്കണോ? ഇക്കാര്യങ്ങളില്‍ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കുന്നതു വരെ പുന:പരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകില്ല. കക്ഷികളെ വീണ്ടും കേള്‍ക്കേണ്ടതുണ്ടെങ്കില്‍ വീണ്ടും ആവര്‍ത്തിക്കേണ്ടി വരും. 1965 ലെ ഹിന്ദു
ആരാധനാ നിയമം ശബരിമല ക്ഷേത്രത്തിന് ബാധകമാണോയെന്നും പരിശോധിക്കും. ലിംഗ- ജാതി ഭേദമില്ലാതെ ക്ഷേത്രങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ നിയമം. ശബരിമല വിധിക്ക് മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായും പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണ്. അതിനാല്‍ വിശാല ബെഞ്ചിന് വിടുകയാണെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. അതേസമയം, ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ്, വിധിക്ക് കേരള സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്ന് എടുത്തുപറയുകയും ചെയ്തു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബറിലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 ലേറെ ഹര്‍ജികളിലാണ് സുപ്രിംകോടതിയുടെ
അഞ്ചംഗഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഒരേ മതത്തിലെ രണ്ടുവിഭാഗങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന് പറഞ്ഞ കോടതി, മത ആചാരങ്ങള്‍ പൊതുക്രമങ്ങളുമായി ഒത്തുപോവേണ്ടതുണ്ടെന്നും വ്യക്തമാക്കി.