കര്‍ണാടക; റോഷന്‍ ബേഗ് ഒഴികെ അയോഗ്യരാക്കപ്പെട്ട 16 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ബംഗളൂരു: അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമാരില്‍ 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും വിട്ട് സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചവരാണ് ഇവര്‍. റോഷന്‍ ബേഗ് മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലാത്തത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാണ് ഇവരെല്ലാം ബി.ജെ.പിയില്‍ ചേര്‍ന്നത്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് നടപടി. അയോഗ്യത കോടതി ശരിവച്ചെങ്കിലും മത്സരിക്കാമെന്ന വിധിയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ‘അവര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കുമെ’ന്ന് യെദ്യൂരപ്പ പറഞ്ഞു. ‘ഭാവി എം.എല്‍.എമാരും മന്ത്രിമാരുമാണ്’ എന്നും യെദ്യൂരപ്പ അവരെ അഭിസംബോധന ചെയ്തു.