ശബരിമലയിലെ സ്ത്രീ പ്രവേശനം പുനപരിശോധിക്കും; കേസ് ഏഴംഗബെഞ്ചിലേക്ക് വിടുന്നു

ഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രിംകോടതി. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി  പുറപ്പെടുവിച്ചത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബറിലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 ലേറെ ഹര്‍ജികളിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഇപ്പോള്‍ അഞ്ചംഗബെഞ്ച് മുന്‍പാകെ വാദംകേട്ട വിധി ഇനി ഏഴംഗബെഞ്ച് മുന്‍പാകെയാവും തുടര്‍വാദം കേള്‍ക്കുക. ഒരേ മതത്തിലെ രണ്ടുവിഭാഗങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന് പറഞ്ഞ കോടതി, മത ആചാരങ്ങള്‍ പൊതുക്രമങ്ങളുമായി ഒത്തുപോവേണ്ടതുണ്ടെന്നും വ്യക്തമാക്കി. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണുള്ളത്. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം നീണ്ട വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശന കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്. അന്ന് സ്ത്രീപ്രവേശനത്തെ നാലുജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ ഏകവനിതാ ജഡ്ജി ഇന്‍ുമല്‍ഹോത്ര എതിര്‍ക്കുകയായിരുന്നു.