ശബരിമല വിധി; കനത്ത ജാഗ്രതയില്‍ സംസ്ഥാനം, വ്യാജപ്രചാരണം നടത്തിയാല്‍ കടുത്ത നടപടി

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജിയില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമ പ്രവര്‍ത്തനമോ,വിദ്വേഷ പ്രചരണമോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. വിധി തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം അയോധ്യ വിധി പ്രഖ്യാപിക്കപ്പെട്ടപ്പോഴും സമാനമായ രീതിയില്‍ നടപടിയുണ്ടായിരുന്നു.
2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. 10 മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. 1991ലെ കേരള ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഈ പ്രായത്തിനിടയിലുള്ളവര്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. 15 വര്‍ഷത്തിനു ശേഷം 2006ലാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.