ശിവസേനയുമായി സഖ്യമാകാം; ‘മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന് ആരോടും പറഞ്ഞിട്ടില്ല’ അമിത് ഷാ

മുംബൈ: മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത്ഷാ. അതേസമയം ശിവസേനയുമായ സഖ്യമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച്
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും മിക്ക പൊതുയോഗങ്ങളിലും എന്‍.ഡി.എ സഖ്യം വിജയിക്കുകയാണെങ്കില്‍ ദേവേന്ദ്ര ഫദ്നാവിസ് തന്നെയാകും മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടുള്ളതാണ്. ആ സമയത്തൊന്നും ആരും അതിനെ എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ പുതിയ ആവശ്യങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്.എന്നാല്‍ അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് നിലവില്‍ ആര്‍ക്കും തടസ്സമില്ല. ആവശ്യത്തിന് അംഗസംഖ്യയുണ്ടെങ്കില്‍ ഗവര്‍ണറെ കാണാം. രാഷ്ട്രപതി ഭരണം ആരുടെയും അവസരം കളയാനല്ല. ഇടക്കാല തെരഞ്ഞെടുപ്പിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.