അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമ്മാരും ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകയിലെ അയോഗ്യരാക്കിയ 17 കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് തീരുമാനം. ഡിസംബര്‍ അഞ്ചിന് 15 സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. ഇവര്‍ക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അയോഗ്യരാക്കിയ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുകയും മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അശ്വത് നാരായണന്‍ പറഞ്ഞു. രാവിലെ 10.30-ന് ബെംഗളൂരുവില്‍ വെച്ചായിരിക്കും ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുക. മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാകും പാര്‍ട്ടി പ്രവേശം. ഇതിനിടെ അയോഗ്യരാക്കിയ ചില എംഎല്‍എമാര്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിനെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചു.