പോലീസ് ഡാറ്റാ കൈമാറിയിട്ടില്ല; ആരോപണവുമായി പ്രതിപക്ഷം, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാനായി ഊരാളുങ്കല്‍ സൊസൈറ്റിക്കു കരാര്‍ നല്‍കിയതിലൂടെ പോലീസിന്റെ കൈവശമുള്ള വിവരങ്ങള്‍ ചോരുമെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി. ആശങ്ക വേണ്ടെന്നും രേഖകള്‍ ഭദ്രമായിരിക്കാന്‍ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസിലെ കെ.എസ്.ശബരിനാഥാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
പ്രതിപക്ഷം അനാവശ്യ ഭീതി പരത്തുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പാസ്പോര്‍ട്ട് പരിശോധനയുടെ ഭാഗമായി പാസ്പോര്‍ട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആയിരം പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയ്ക്കു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. കേരള പൊലീസിന് ഇത് അനുയോജ്യമാണോ എന്നു പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. ഈ ആപ്ലിക്കേഷനിലേക്കു പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂവെന്നും
മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുന്നതെന്നു ശബരീനാഥ് പറഞ്ഞു. എന്തിനാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ആവശ്യമില്ലെന്നാണ് ബ്ലോക്ക് ചെയിന്‍ അക്കാദമി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. പദ്ധതി ഊരാളുങ്കലിനു
നല്‍കുന്നതിനെപോലീസ് ഓഫിസര്‍മാരും എതിര്‍ത്തു. എന്നാല്‍ ഒക്ടോബര്‍ 29ന് ഊരാളുങ്കലിന് അനുമതി നല്‍കി. ആ ദിവസം മുതല്‍
അവര്‍ എല്ലാ ഡാറ്റയും ചോര്‍ത്തുകയാണെന്നും ശബരീനാഥ് ആരോപിച്ചു.