56 ഹര്‍ജികള്‍, മൂന്നരമണിക്കൂര്‍ വാദം, ശബരിമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ വിധി നാളെ

ഡല്‍ഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയുകയാണ്. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജികളുടെ ആവശ്യം. 56 പരാതികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നിലെത്തിയത്. മൂന്നരമണിക്കൂറോളം എടുത്താണ് വാദം കേട്ടത്. ഒടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിധി.

പുനഃപരിശോധന സംബന്ധിച്ച് 12 അഭിഭാഷകരുടെയും തുടര്‍ന്ന് സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ശബരിമലയിൽ ദർശനം നടത്തിയ യുവതികളായ ബിന്ദു, കനകദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിരാ ജെയ്‌സിങ്ങിന്റെയും, തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ കേസില്‍ പി.വി ദിനേശിന്റെയും വാദങ്ങളാണ് 2019 ഫെബ്രുവരിയില്‍ കോടതി കേട്ടത്. ഇതിന് പുറമെ എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാത്തതിനാല്‍ എഴുതി നല്‍കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 56 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ പരിഗണിക്കുവെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. പ്രസ്തുത ഹര്‍ജികളില്‍ കോടതി എന്ത് തീരുമാനം എടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.