വയോധികരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍

ചെങ്ങന്നൂര്‍: വെണ്മണിയില്‍ വയോധികരായ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ബംഗ്ലാദേശ് പൗരന്മാരായ പ്രതികള്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തെ റെയില്‍വേ പോലീസും ആര്‍പിഎഫുമാണ് പ്രതികളെ പിടിച്ചത്. വെണ്മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെയാണ് വൃദ്ധദമ്പതികളെ വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോര്‍ റൂമിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ സമീപത്തു താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിടുകയായിരുന്നു. ചെന്നൈയില്‍ നിന്നും കോല്‍ക്കത്തയിലേക്ക് പോകുന്ന കോറമണ്ഡല്‍ എക്‌സ്പ്രസില്‍ നിന്ന് ആര്‍പിഎഫാണ് പ്രതികളെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ചായിരുന്നു റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെ നീക്കം. പ്രതികളെ പിടികൂടിയതിനെ തുടര്‍ന്നു ചെങ്ങന്നൂരില്‍നിന്നുള്ള പോലീസ് സംഘം എസ്‌ഐയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്തേക്ക് പോയിട്ടുണ്ട്.<br> <br> കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് നിഗമനം. കേസില്‍ ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ ചൊവ്വാഴ്ച തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവല്‍ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്.