ഫോറില്‍ നിന്ന് സിക്‌സിലേക്ക് ഹോണ്ട സിറ്റി; ബുക്കിംഗ് ആരംഭിച്ചു

വാഹനമലിനീകരണ നിയന്ത്രണ നിയമം പാലിച്ചുകൊണ്ടുള്ള പുതിയ ബി.എസ് 6 എന്‍ജിനുകളിലേക്ക് ഹോണ്ട മാറി. ഹോണ്ടയുടെ സിറ്റിയാണ് പുതിയ എന്‍ജിനിലേക്ക് മാറുകയും വാഹന ബുക്കിംഗിന് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ ഹോണ്ടയുടെ ഡീസല്‍, എന്‍ജിന്‍ ബി.എസ്-6 നിലവാരത്തിലേക്ക് മാറുന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം മാരുതി തങ്ങള്‍ ഇനി ഡീസല്‍ എന്‍ജിനുകള്‍ പുറത്തിറക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതായാണ് സൂചന. ബി.എസ് 6 പാലിക്കണമെങ്കില്‍ ഡീസല്‍ എന്‍ജിനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചെലവ് വര്‍ദ്ധിപ്പിക്കും എന്നതിനാലാണ് ഇത്. 1.5 ലിറ്റര്‍ എസ്.ഒ.എച്ച്.സി ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഹോണ്ട ഉയര്‍ത്തിയിട്ടുള്ളത്. 119 പി.എസ് പവറും 145 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്റെ ശേഷി.