കൊട്ടാരക്കരയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു

കൊട്ടാരക്കര: എം.സി റോഡില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. കൊട്ടാരക്കര ലോവര്‍ കരിക്കത്ത് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന കാറും എതിര്‍ദിശയിലെത്തിയ ഓട്ടോറിക്ഷയുമായിട്ടാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ഓട്ടോ കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട് സവാരിഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോ ഡ്രൈവര്‍ സാജന്‍ ഫിലിപ്പ്, കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോ,ളജിലും പിക്കപ്പ് ഓട്ടോയുടെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൊട്ടാരക്കര, പത്തനാപുരം എന്നിവടങ്ങളില്‍ നിന്നുമെത്തിയ 4 യൂണിറ്റ് ഫയര്‍ഫോഴ്സുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു.