അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന്; ദളിത് വിദ്യാര്‍ഥിയെ മുളകുപൊടിയില്‍ കുളിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചു

കാസര്‍കോട്: സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അയല്‍വാസിയായ ഉമേഷ് എന്ന യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. മുഖത്താകെ മുളകുപൊടി വാരിത്തേച്ചശേഷമായിരുന്നു ക്രൂരത. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്ത് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടിയെ കസേരയില്‍ കെട്ടിയിടുകയും അടിവസ്ത്രങ്ങള്‍ ശരീരത്തിലാകെ തൂക്കുകയും ചെയ്തശേഷമായിരുന്നു മര്‍ദ്ദനമുറ ആരംഭിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ,കഴിഞ്ഞ ഡിസംബര്‍ മുതല്‍ വീടിനു സമീപത്ത് അലക്കിയിടുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥി മോഷ്ടിക്കുന്നുവെന്നാണ് യുവാവിന്റെ ആരോപണം. കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ മാതാവ് കാണുന്നത് ശരീരമാകെ മുളകുപൊടിയില്‍ കുളിച്ചുകിടന്ന് മര്‍ദ്ദനമേറ്റുവാങ്ങുന്ന മകനെയാണ്. മോഷണത്തിന്റെ വീഡിയോ യുവാവ് തന്നെ കാണിച്ചെന്നും എന്നാല്‍ അതില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മാതാവ് പറയുന്നത്. താന്‍ പാഷന്‍ ഫ്രൂട്ട് ,ശേഖരിക്കാനാണ് അയല്‍വീട്ടില്‍ പോയതെന്നാണ് കുട്ടി പറയുന്നത്. ചെടിയുടെ സമീപത്തുവച്ചുതന്നെയായിരുന്നു മര്‍ദ്ദനമേറ്റതും. മാതാവിന്റെ പരാതിയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പേലീസ് വ്യക്തമാക്കുന്നു.