ശബരിമല: കോടതിവിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് ബി.ജെ.പി എവിടെയും പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ വാര്‍ത്തകളും പ്രചരണങ്ങളുമെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ വിശകലനത്തിന് ബി.ജെ.പി തയാറല്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ചങ്ങനാശേരിയില്‍ വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാന്‍ നായര്‍ സര്‍ക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ ജനങ്ങളില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ ഒന്നു തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ ചെന്ന്, അവര്‍ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ശ്രീധരന്‍ പിള്ളയുടെ എന്‍.എസ്.എസ് പരാമര്‍ശം.