കൃഷ്ണാ നദി കനിഞ്ഞു; ചെന്നൈക്ക് ദാഹജലമെത്തിച്ച വാട്ടര്‍ ട്രെയിന്‍ സര്‍വ്വീസ് മതിയാക്കി

ചെന്നെ: ചെന്നൈക്ക് ദാഹജലം എത്തിച്ചുവന്നിരുന്ന വാട്ടര്‍ ട്രെയിന്‍ സര്‍വ്വീസ് റെയില്‍വേ അധികൃതര്‍ അവസാനിപ്പിച്ചു. ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടിയതും കൃഷ്ണാ നദിയില്‍ ജലം കൂടിയതുമാണ് സര്‍വ്വീസ് നിര്‍ത്താന്‍ കാരണം. കഴിഞ്ഞ ജൂലൈമാസത്തില്‍ ആണ് സര്‍വ്വീസ് ആരംഭിച്ചത്. പര്‍സാംപേട്ടയില്‍ നിന്ന് ചെന്നൈയിലേക്ക് കുടിവെള്ളമെത്തിച്ചിരുന്ന സര്‍വ്വീസ് നടത്തിയിരുന്നത് ചെന്നൈ മെട്രോ വാട്ടര്‍ സര്‍വ്വീസ് അധികൃതരാണ്. ജൂലൈ 12-മുതല്‍ 159 സര്‍വ്വീസാണ് വാട്ടര്‍ ട്രെയിന്‍ നടത്തി വന്നത്. ആദ്യസര്‍വ്വീസില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെന്നൈയിലേക്ക് കൊണ്ടുവന്നിരുന്നത്. ഒരുദിവസം 4 സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. ഓരോ സര്‍വ്വീസിലും 50 വാഗണുകള്‍ ഉള്‍പ്പെട്ടിരുന്നു. ഒരു സര്‍വ്വീസ് നടത്താന്‍ എട്ടരലക്ഷം രൂപയാണ് റെയില്‍വേയ്ക്കു ചെലവുവന്നത്. ചെന്നൈയില്‍ വരള്‍ച്ച രൂക്ഷമായതോടെയാണ് ആറുമാസത്തേക്ക് ദിനംപ്രതി കുടിവെള്ളമെത്തിക്കാന്‍ 65 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കപ്പെട്ടതോടെയാണ് സര്‍ക്കാരിന് വന്‍ ബാദ്ധ്യതയാകുമായിരുന്ന വാട്ടര്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്താനായത്.