മദ്യലഹരിയില്‍ ഡ്രൈവിംഗ്; ഓട്ടോറിക്ഷ ബുള്ളറ്റിലിടിച്ച് തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനം ഓടിച്ച ഓട്ടോഡ്രൈവര്‍ അപകടം വരുത്തിവച്ചു. ബുള്ളറ്റിലിടിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോ ഡ്രൈവറും യാത്രികനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ബുള്ളറ്റ് യാത്രക്കാരായ യുവാക്കള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടുവെങ്കിലും ബുള്ളറ്റ് തകര്‍ന്നു തരിപ്പണമായി. ഇന്നലെ രാത്രി 9.30ന് നേമം സ്റ്റേഷന്‍ പരിധിയില്‍ കോലിയക്കോട്ടായിരുന്നു അപകടം. ഓട്ടോഡ്രൈവറും വെള്ളായണി മുക്ക് സ്വദേശിയുമായ അബ്ദുല്‍റഷീദ് (66) ഓടിച്ച ഓട്ടോറിക്ഷയാണ് തലകീഴായി മറിഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ യാത്രികനും സാരമായി പരിക്കേറ്റു. ഇരുവരെയും ശാന്തിവിള താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പോലീസ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തു നിന്നു നീക്കം ചെയ്തു. ഓട്ടോഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെങ്കിലും ബുള്ളറ്റ് യാത്രികര്‍ക്കു പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.