പരിപാടിയില്‍ ബി.ജെ.പി നേതാക്കള്‍ എത്തിയില്ല; ബിഹാറില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം വിള്ളലിലേക്കെന്ന് സൂചന

പാറ്റ്‌ന: ബിഹാറില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം വിള്ളലിലേക്കെന്ന് സൂചന. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ മുഖ്യഅതിഥിയായ പരിപാടിയിലേക്ക് ബി.ജെ.പി നേതാക്കളാരും എത്തിയില്ലെന്നത് ശ്രദ്ധേയമായി. ബിഹാര്‍ പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന പരിപാടിയില്‍ നിന്നും പ്രതിഷേധ സൂചകമായി ബി.ജെ.പി നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പരിപാടിയിലേക്ക് ബി.ജെ.പി നേതാക്കളെയും ക്ഷണിച്ചിരുന്നതായും എന്നാല്‍ നേതാക്കളാരും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് ജെ.ഡി.യു നേതാക്കളുടെ പ്രതികരണമെത്തി. ബി.ജെ.പി നേതാക്കള്‍ക്ക് എന്തു സംഭവിച്ചെന്നും എന്തുകൊണ്ടാണ് രാവണവധത്തിന് ആരും എത്താതിരുന്നതെന്നും ജെ.ഡി.യു നേതാവ് അജയ് അലോക് ചോദിച്ചു. കഴിഞ്ഞ ദിവസം പ്രളയവുമായി ബന്ധപ്പെട്ട് ബി.ജെ.പി-ജെ.ഡി.യു നേതാക്കള്‍ ഇടഞ്ഞിരുന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ് ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ജെ.ഡി.യു ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി ദേശീയ വക്താവുമായ പവന്‍ വര്‍മ്മയും രംഗത്തെത്തി. ഗിരിരാജിന്റെ പ്രസ്താവന തെറ്റാണെന്നും ഇത് സംബന്ധിച്ച് ബി.ജെ.പി വിശദീകരണം നല്‍കണമെന്നുമാണ് വര്‍മ്മയുടെ ആവശ്യം.