കേരളത്തില്‍ ഫീല്‍ ദ ജെയില്‍ ടൂറിസം പദ്ധതിയെ എതിര്‍ത്ത് ഋഷിരാജ് സിംഗ്

കണ്ണൂര്‍: വിനോദ സഞ്ചാരികള്‍ക്ക് ജയിലില്‍ താമസമൊരുക്കിയുള്ള ആന്ധ്ര മോഡല്‍ ‘ഫീല്‍ ദ ജയില്‍’ ടൂറിസം പദ്ധതിയെ എതിര്‍ത്ത് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. ഈ പദ്ധതി കേരളത്തില്‍ വേണ്ടെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും സിംഗ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചില തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ സ്ഥിരമായി നിഷേധിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം റിപ്പോര്‍ട്ടുകള്‍ പുനപരിശോധിക്കാന്‍ ബന്ധപ്പെട്ട എസ്.പിമാരോട് ആവശ്യപ്പെടും. തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതില്‍ ലോക്കല്‍ പോലീസിന് പലപ്പോഴും വീഴ്ചവരുന്നുണ്ട്. ഇത് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജയിലുകളില്‍ പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വരുത്തുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.