പാലാരിവട്ടം അഴിമതിക്കേസ്; ടി.ഒ സൂരജിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജിന് തിരിച്ചടി. സൂരജ് ഉള്‍പ്പെടെയുള്ള 3 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രമാണ് ജാമ്യം ലഭിച്ചത്. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ സമയത്ത് ടി.ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. പാലത്തിന്റെ പൈലിംഗ് നടക്കുമ്പോള്‍പോലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും തന്നെ പിന്നില്‍ നിന്നു കുടുക്കിയതാണെന്നും സൂരജ് പറഞ്ഞിരുന്നു. അഴിമതിക്കേസില്‍ ഈവര്‍ഷം ഓഗസ്റ്റിലാണ് സൂരജ് അറസ്റ്റിലാകുന്നത്. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് സൂരജിനെതിരേ ചുമത്തിയിരുന്നത്. പാലം നിര്‍മ്മിച്ച കമ്പനിയുടെ എം.ഡി സുമിത് ഗോയല്‍, ആര്‍.ബി.ഡി.സി.കെ അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചനും ആണ് സൂരജിനൊപ്പം അറസ്റ്റിലായിരുന്നത്.