സംയുക്ത സൈനിക ഓപ്പറേഷന്‍: അല്‍ക്വയ്ദ ഉന്നതന്‍ കൊല്ലപ്പെട്ടു

കാബൂള്‍: അല്‍ക്വയ്ദയുടെ ഉന്നത നേതാവിനെ യുസ്-അഫ്ഗാന്‍ സംയുക്ത സൈനിക ഓപ്പേറഷനിലൂടെ വധിച്ചു. അല്‍ക്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തലവന്‍ അസിം ഉമറാണ് മരിച്ചത്. കഴിഞ്ഞ മാസം ഉമറിനെ വധിച്ചതായി അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ സെപ്റ്റംബര്‍ 23ന് നടന്ന യുസ്-അഫ്ഗാന്‍ സംയുക്ത സൈനിക ഓപ്പേറഷനിലൂടെയാണ് ഉമറിനെ വധിച്ചതെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു.

മൂസാഖാല ജില്ലയിലെ ഒളിത്താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ മറ്റ് ആറ് അല്‍ക്വയ്ദ ഭീകരരും 40 സിവിലിയന്‍മാരും കൊല്ലപ്പെട്ടു. ഇവരില്‍ അയ്മന്‍ അല്‍ സവാഹിരിയുടെ സന്ദേശവാഹകനായ റെയ്ഹനും ഉള്‍പ്പെടുന്നു. ഉമറിനെ യു.എസ് ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട അല്‍ക്വയ്ദ ഭീകരരില്‍ ഭൂരിപക്ഷം പേരും പാക്കിസ്ഥാനില്‍നിന്നുള്ളവരാണ്. ഉമര്‍ ഉത്തര്‍പ്രദേശ് സ്വദേശിയായിരുന്നു. ഇയാള്‍ പിന്നീട് പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ട സിവിലിയന്‍മാര്‍. എന്നാല്‍ യു.എസും അല്‍ക്വയ്ദയും ഉമറിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല. വ്യാജവാര്‍ത്തയെന്ന് പറഞ്ഞ് താലിബാന്‍ ഇത് നിഷേധിക്കുകയും ചെയ്തു.