പ്രധാനമന്ത്രിക്കു കത്തെഴുതുന്നതു രാജ്യദ്രോഹക്കുറ്റമോ ? പ്രതിഷേധിച്ച് സാംസ്‌കാരിക പ്രമുഖര്‍

മുംബൈ: ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ രംഗത്ത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷാ, ചരിത്രകാരി റൊമീല ഥാപ്പര്‍ തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ 180-ലേറെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതി. പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയാല്‍ അതെങ്ങനെ രാജ്യദ്രോഹ കുറ്റമാകുമെന്ന് കത്തില്‍ ഇവര്‍ ചോദിക്കുന്നു.

സമൂഹത്തിലെ ഉത്തരവാദിത്വപ്പെട്ട പൗരന്‍മാര്‍ എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന നിലയിലും നമ്മുടെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച തങ്ങളുടെ സഹപ്രവര്‍ത്തകരായ 49 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതികളെ ഉപയോഗിച്ച് പൗരന്‍മാരെ നിശബ്ദരാക്കാനുള്ള ശ്രമം രാജ്യദ്രോഹമാകാത്തത് അദ്ഭുതപ്പെടുത്തുന്നതായും കത്തില്‍ പറയുന്നു.

അശോക് വാജ്പേയി, ജെറി പിന്റോ, ഇറാ ഭാസ്‌കര്‍, ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്ലാം, ടി.എം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി സാംസ്‌കാരിക രംഗത്തെ 50 ഓളം പേര്‍ പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തതെങ്കിലും ഇതിനെതിരേ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.