കൊലക്കേസ് പ്രതിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേനയുടെ ടിക്കറ്റ് !

മുംബൈ: കൊലക്കേസ് പ്രതിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേനയുടെ ടിക്കറ്റ് ! ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍നിന്നാണ് നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ആറു മാസം മുമ്പാണ് ദലാല്‍ ശിവസേനയില്‍ ചേര്‍ന്നത്. ദേശീയതയും പശു സുരക്ഷയും സംബന്ധിച്ച തന്റെ ആശയങ്ങളുമായി യോചിച്ചുപോകുന്നതുകൊണ്ടാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് ദലാല്‍ പറയുന്നു. പശു സംരക്ഷണം, ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരായി സംസാരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പോരാട്ടം നടത്തുന്ന ആള്‍ എന്ന നിലയിലാണ് ദലാലിനെ തെരഞ്ഞെടുത്തതെന്ന് ശിവസേന നേതാവ് വിക്രം യാദവും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് സമീപത്തുവച്ചാണ് ഖാലിദിനു നേരെ ആക്രമണം ഉണ്ടായത്. ദലാലും ദര്‍വേഷ് ഷാപുര്‍ എന്ന യുവാവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. നിറതോക്കുമായി എത്തിയ പ്രതികള്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നു. ഖാലിദ് താഴെ വീണുവെങ്കിലും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.