ജിറ്റക്‌സ് സാങ്കേതിക വാരാഘോഷത്തിന് ദുബായില്‍ തുടക്കമായി

ദുബായ്: പുത്തന്‍ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സമ്മേളിക്കുന്ന ജിറ്റക്‌സ് സാങ്കേതിക വാരാഘോഷം ദുബായി ട്രേഡ് സെന്ററില്‍ തുടങ്ങി. മേളയുടെ 39-ാം പതിപ്പില്‍ 100ല്‍പ്പരം രാജ്യങ്ങളില്‍ നിന്നായി 4500 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. മനസ്സിന്റെയും സാങ്കേതിക സമ്പദ്വ്യവസ്ഥയുടെയും സംയോജനം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അതിവേഗ സെല്ലുലാര്‍ നെറ്റ്വര്‍ക്ക് സാങ്കേതിക വിദ്യയായ 5-ജിയാണ് ഇത്തവണത്തെ ഏറ്റവും വലിയ ആകര്‍ഷണം. നിലവില്‍ ഉള്ളതിനേക്കാള്‍ 10 മുതല്‍ 20 മടങ്ങുവരെ വേഗത്തില്‍ ഇതില്‍ ഡൗണ്‍ലോഡിങ് നടത്താം.

നിര്‍മിതബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ മേഖലയിലെ പ്രശസ്ത സംരംഭകര്‍ക്ക് പുറമെ, പുത്തന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ശില്‍പ്പികളും മേളയില്‍ അണിനിരക്കുന്നുണ്ട്. മൊബിലിറ്റി, റീട്ടെയ്ല്‍, ആരോഗ്യസംരക്ഷണം എന്നിവയില്‍ ആഗോളതലത്തില്‍ ആദ്യമായി ഡെമോകള്‍ സാന്നിധ്യം അറിയിക്കും. ഐ.ടി രംഗത്തെ പ്രമുഖരായ 15 കമ്പനികളെ ഒരു കുടക്കീഴില്‍ അണിനിരത്തിയുള്ള പവിലിയനും സ്റ്റാര്‍ട്ടപ്പ് രംഗത്തെ 18 കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയനും കേരളത്തിന്റേതായി പ്രദര്‍ശനത്തിനുണ്ട്.

ഐ.ഒ.ടി, റോബട്ടിക്‌സ്, ബ്ലോക് ചെയിന്‍ തുടങ്ങിയ മേഖലകളിലെ 15 കമ്പനികളുടെ പവിലിയന്‍ ഷെയ്ഖ് റാഷിദ് ഹാളിനു സമീപവും സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയന്‍ സബീല്‍ ആറിലുമാണ് ഒരുക്കിയിരിക്കുന്നത്. ഐ.ടി രംഗത്തുള്ളവരുമായി നേരിട്ടു പരിചയപ്പെടാനും കൂടുതല്‍ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും സ്റ്റാളുകള്‍ സഹായിക്കും. നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയുമായി സ്മാര്‍ട് സര്‍വിയലന്‍സ് കമ്പനി, എന്നിവ പ്രദര്‍ശനത്തിനുണ്ട്. പാസിലൂടെയാണ് പ്രവേശനം. ഒക്ടോബര്‍ 10നു മേള സമാപിക്കും.