”പച്ചത്തുരുത്ത്” വെള്ളായണി കായലിന് സാന്ത്വനമേകും; ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യം

തിരുവനന്തപുരം: ഹരിത കേരള മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന ”പച്ചത്തുരുത്ത്” പദ്ധതി വെള്ളായണി കായലിനും പരിസ്ഥിതിക്കും സാന്ത്വനമേകും. വിപുലീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെയും തരിശുഭൂമി പച്ചപുതപ്പിക്കുന്നതിന്റെയും ഉദ്ദേശ്യംകൂടി ഈ പദ്ധതിക്കുണ്ട്. പ്രധാന ജൈവവൈവിധ്യ സംരക്ഷണപ്രദേശമായ വെള്ളായണി കിരീടം പാലത്തിനു സമീപമായിരുന്നു ”പച്ചത്തുരുത്ത്” പദ്ധതിയുടെ ഉദ്ഘാടനപ്രദേശമായി നിശ്ചയിക്കപ്പെട്ടത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി അവരുടെ സമൂഹത്തോടൊപ്പമുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്ന ലക്ഷ്യംകൂടി പദ്ധതിക്ക് ഉണ്ട്. കല്ലിയൂര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ നഴ്സറികളില്‍ നിന്നുകൊണ്ടുവന്ന ഫലവര്‍ഗ്ഗങ്ങളായ മാവ്, പ്ലാവ് തുടങ്ങിയവ കൂടാതെ ഔഷധവൃക്ഷമായ വേപ്പ് ഉള്‍പ്പെടെയുള്ളവയാണ് വെള്ളായണി കായലിന്റെ പരിസരത്തുള്ള സര്‍ക്കാര്‍വക സ്ഥലത്തു വച്ചുപിടിപ്പിച്ചത്. ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുക എന്ന പരമമായ ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നിലുള്ളത്. ”പച്ചത്തുരുത്ത്” എന്നതിലൂടെ ജൈവവൈവിദ്ധ്യ കലവറയായ വെള്ളായണിയെ കൂട്ടുത്തരവാദിത്തത്തോടെ സംരക്ഷിക്കുക എന്ന ലക്ഷ്യം ഊന്നല്‍ നല്‍കുന്നു. സ്വകാര്യവ്യക്തികള്‍ ആവശ്യപ്പെടുന്നപക്ഷം അവരുടേതായ സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചു നല്‍കും ഈ പദ്ധതിയുടെ സംഘാടകര്‍. വൃക്ഷത്തൈകളുടെയും അവ വളര്‍ന്നു വലുതാകുന്നതുവരെയുള്ള പരിപാലനത്തിന്റെയും ചുമതല തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു തന്നെയാണ്.

പാകമാകുന്ന ഫലവര്‍ഗ്ഗങ്ങളുടെ ആദായമെടുപ്പ് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ജൈവവേലിയാല്‍ സംരക്ഷിതമാണ് ഓരോ വൃക്ഷത്തൈയും. ഏതെങ്കിലും വൃക്ഷത്തൈ നശിച്ചുപോകുന്നപക്ഷം മറ്റൊരു വൃക്ഷത്തൈ അതേസ്ഥാനത്തു വച്ചുപിടിപ്പിക്കാനുള്ള ഉത്തരവാദിത്തവും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു തന്നെയാണ്. പദ്ധതിയുടെ ഉദ്ഘാടനം കല്ലിയൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പുന്നമൂട് പത്മകുമാര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗങ്ങളായ വെള്ളായണി മനോജ് കെ. നായര്‍, പാലപ്പൂര് ജയന്‍, ചന്തു കൃഷ്ണ, പ്രദീപ് കുമാര്‍, സരിത, പി. രാജലക്ഷ്മി, തൊഴിലുറപ്പ് പദ്ധതി എ.ഇ അഞ്ജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.