സൗദിയില്‍ ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ നിര്‍ബന്ധമാക്കി

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സികളില്‍ മീറ്റര്‍ റീഡിംഗ് മെഷീന്‍ നിര്‍ബന്ധമാക്കി. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് തീരുമാനം. യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാനാണ് ഈ പുതിയ നിയമം. നിയമം പാലിക്കാത്ത ടാക്‌സികള്‍ക്ക് 3000 റിയാല്‍ ആണ് പിഴ. മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ടാക്‌സികളില്‍ സൗജന്യയാത്ര അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, യാത്ര സൗജന്യമാണെന്ന സന്ദേശം യാത്രക്കാര്‍ക്ക് കാണാനാകുംവിധം ടാക്‌സികളില്‍ എഴുതിവയ്ക്കുകയും വേണം.

പബ്ലിക് ടാക്‌സി, ഫാമിലി ടാക്‌സി, എയര്‍പോര്‍ട്ട് ടാക്‌സി എന്നിവയ്ക്കു നിയമം ബാധകമാണ്. ഫാമിലി ടാക്‌സി സര്‍വ്വീസിനുള്ള ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞത് 5 വാഹനങ്ങള്‍ വേണം. പുതിയ മോഡല്‍ വാഹനങ്ങളാണ് ടാക്‌സി സര്‍വ്വീസിന് ഉപയോഗിക്കേണ്ടത്. സൗദി വനിതകളായിരിക്കണം ടാക്‌സി ഓടിക്കേണ്ടതെന്നും അതോറിറ്റി പറയുന്നുണ്ട്. റിയാദ്, മക്ക, ജിദ്ദ തുടങ്ങിയ നഗരങ്ങളില്‍ 250 ടാക്‌സികളും മദീന, ദമാം എന്നിവിടങ്ങളില്‍ 100 ടാക്‌സികളും ഉള്ള കമ്പികള്‍ക്കു മാത്രമേ പബ്ലിക് ടാക്‌സി ലൈസന്‍സ് നല്‍കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.