‘ഞാൻ മേരിക്കുട്ടി’യിലെ തകർപ്പൻ പ്രകടനം; ജയസൂര്യക്ക് വീണ്ടും അംഗീകാരം

സിന്‍സിനാറ്റി: രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയ മികവിന് ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. അമേരിക്കൻ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ഞാൻ മേരിക്കുട്ടിക്കും ജയസൂര്യക്കും അംഗീകാരം ലഭിച്ചത്. 2018-ല്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണു ജയസൂര്യ തികഞ്ഞ പക്വതയോടെ അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകൾ മേളയില്‍ മത്സര രംഗത്തുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം കരസ്ഥമാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും മേളയിൽ മാറ്റുരയ്ക്കാനെത്തിയിരുന്നു. അന്താരാഷ്ട്ര വേദിയിൽ കിട്ടിയ ഈ അംഗീകാരം ജീവിതത്തിലെ ഏറ്റവും വലിയൊരു നേട്ടമായി കാണുന്നുവെന്ന് ജയസൂര്യ പ്രതികരിച്ചു.