ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മഴമുടക്കി; താരപരിവേഷത്തിൽ രോഹിത് ശർമ്മ

വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിന കളി തടസപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥ കാരണമാണ് കളി തടസപ്പെട്ടത്. മഴഭീഷണിയിൽ അവസാനത്തെ സെഷന്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 202 എന്ന നിലയിലാണ്. 115 റൻസുമായി സെഞ്ച്വറി നിറവിൽ രോഹിത് ശര്‍മ്മയും 85 റൻസുമായി സെഞ്ച്വറിക്കരികിൽ നിൽക്കുന്ന മായങ്ക് അഗര്‍വാളുമാണ് ക്രീസിലുള്ളത്. 174 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സുമാണ്  രോഹിതിന്റെ സമ്പാദ്യം. ടെസ്റ്റില്‍ രോഹിതിന്റെ നാലാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. 183 പന്തിൽ നിന്നാണ് മായങ്ക് അഗര്‍വാൾ 84 റൻസ് സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ചായക്കായി പിരിഞ്ഞപ്പോഴാണ് മഴ വില്ലനായെത്തിയത്. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 91 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. കളിയിൽ ഒരു ഘട്ടത്തിലും പിന്നാക്കം പോകാതെ കാത്ത് സൂക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഫിലാന്‍ഡറും റബാദയും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ പേസ് പട എറിഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഏകദിനത്തിലെന്ന പോലെ അല്‍പം മന്ദഗതിയിലാമെങ്കിലും മനോഹരമായി ടെസ്റ്റിലും രോഹിത് നിറഞ്ഞു നിന്നു. 154-ാം പന്തിലായിരുന്നു രോഹിത് സെഞ്ച്വറി തികച്ചത്. അരങ്ങേറ്റ ഓപ്പണര്‍ എന്ന നിലയിൽ ഇന്ത്യക്കായി സെഞ്ച്വറി കണ്ടെത്തുന്ന നാലാമത്തെ ബാറ്റ്‌സ്മാൻ എന്ന ശ്രദ്ധേയ നേട്ടവും രോഹിത് സ്വന്തമാക്കി. ആദ്യ ടെസറ്റിലെ ആദ്യ ദിനത്തില്‍ കത്തിക്കയറിയ ഇന്ത്യ സ്കോർ ബോർഡിൽ അതിശക്തമായ നിലയിലാണ്.