ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്ന് കപില്‍ ദേവും രാജിവച്ചു

മുംബൈ: ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്ന് കപില്‍ ദേവ് രാജിവച്ചു. ഭിന്നതാല്‍പര്യ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയെ രാജി വിവരം ഇ-മെയിലൂടെ അറിയിച്ചതായാണ് റിപ്പോർട്ട്. മൂന്ന് അംഗങ്ങളുള്ള ഉപദേശക സമിതിയെ നയിച്ചിരുന്നത് കപിൽദേവാണ്. ആഭ്യന്തര പ്രശ്നം രൂക്ഷമായതിനെ തുടർന്ന് നേരത്തെ സമിതി അംഗങ്ങളിലൊരാളായ ശാന്ത രംഗസ്വാമിയും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപിൽദേവും ഇപ്പോൾ രാജി വച്ചിരിക്കുന്നത്. അതേസമയം എന്താണ് രാജിയുടെ പ്രധാന കാരണമെന്ന് കപില്‍ദേവ് ഔദ്യോഗികമായി ഇതുവരെ വിശദമാക്കിയിട്ടില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കപിൽദേവിനെ ബി.സി.സി.ഐ ഉപദേശക സമിതിയില്‍ നിയമിക്കുന്നത്. കപിൽദേവ് ഉൾപ്പെട്ട ഉപദേശക സമിതിയാണ് രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ പരിശീലകനായി വീണ്ടും തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ നിയമിക്കാനുള്ള അധികാരം ഈ ഉപദേശക സമിതിക്കാണ്.