മോട്ടോർ വാഹന നിയമഭേദഗതി; പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പിഴ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച നിർദ്ദേശം ഉടൻ ഇറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ ഗുജറാത്ത് സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ച് നിയമലംഘനങ്ങൾക്ക് കർശന ശിക്ഷയും കനത്ത പിഴയുമാണ് ഈടാക്കിയിരുന്നത്. ഇതിനെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു.

ഈ മാസം ഒന്നാം തീയതി മുതലാണ് ഭേദഗതി പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ രാജ്യമെമ്പാടും കർശന പരിശോധനയാണ് ഗതാഗത വകുപ്പ് നടത്തി വന്നത്. എന്നാൽ പിഴയിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കിയ മന്ത്രി സർക്കാരിന് പണം ഉണ്ടാക്കലല്ല, ജനങ്ങളുടെ ജീവൻ രക്ഷിക്കു എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. നിയമം കർശനമാക്കി അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം പ്രാബല്യത്തിൽ വന്നതുമുതൽ കോടിക്കണക്കിന് രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. ആളുകൾ ട്രാഫിക് നിയമങ്ങളെ ബഹുമാനിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ശിക്ഷയും പിഴയും വർദ്ധിപ്പിച്ചതെന്നായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വാദം. നിയമഭേദഗതി പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കാതെയോ, ഹെൽമെറ്റ് ധരിക്കാതെയോ വാഹനം ഓടിച്ചാൽ 1000 രൂപയായിരുന്നു പിഴ. എന്നാൽ ഗുജറാത്ത് സർക്കാർ ഇത് 500 രൂപയാക്കി മാറ്റിയിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റ് സംസ്ഥാനങ്ങളും ഇനി ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഗുജറാത്തിന്റെ മാതൃക പിന്തുടരാൻ കേരളത്തെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.