ചെക്ക് കേസ്: നാസിൽ അബ്ദുള്ളക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാർ

ദുബായ്: തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക.

നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായെന്നും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും തുഷാര്‍ പറഞ്ഞു. വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനക്കാര്‍ ആരെന്നതിനും വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ട്. നാസിലും ചെക്ക് കൈമാറിയ ആളുമാണ് പ്രധാനപ്രതികള്‍. പത്തുവര്‍ഷത്തിനു മുകളില്‍ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. രാഷ്ട്രീയമോ സാമുദായികപരമോ ആയ മറ്റു ലക്ഷ്യങ്ങളില്ലെന്നും  തുഷാര്‍ വ്യക്തമാക്കി.

ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്. തന്‍റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്. രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ അത് തെളിയുമെന്നും തുഷാർ പറഞ്ഞു.

നാസിൽ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയ അജ്‍മാൻ  കോടതി തുഷാറിെനതിരായ ചെക്ക് കേസ് തള്ളിയിരുന്നു. പാസ്പോർട്ട് തിരികെ ലഭിച്ച തുഷാര്‍ നാളെ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. തുഷാറിനു യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ദുബായ് കോടതി നേരത്തെ തള്ളിയിരുന്നു.