ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ; ഗുണ്ടൂരിൽ നിരോധനാജ്ഞ

ഡൽഹി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും മകനും മറ്റു ടിഡിപി നേതാക്കളും ഉള്‍പ്പെടെ വീട്ടുതടങ്കലിൽ. സംസ്ഥാന സർക്കാരിനെതിരെ ബുധനാഴ്ച നടത്തുന്ന വൻ പ്രതിഷേധ റാലിയിൽ പങ്കെടുക്കാതിരിക്കാനുള്ള കരുതൽ നടപടിയെന്ന നിലയിലാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. ഗുണ്ടൂര്‍ ഉള്‍പ്പെടുന്ന പാല്‍നാട് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് റാലി നടത്തുന്നതും കൂട്ടംകൂടി നില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നടപടിയിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു ബുധനാഴ്ച രാത്രി എട്ടു വരെ ഉപവാസം അനുഷ്ഠിക്കും. ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ടിഡിപി വൻ പ്രതിഷേധ റാലി നടത്താൻ തയാറെടുത്തത്. റാലിയില്‍ പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ഇന്നലെ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു. എന്നാൽ റാലിക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭ്യമായില്ലെങ്കിലും റാലിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു ടിഡിപി നിലപാട്. ഈ സാഹചര്യത്തിലാണ് ടിഡിപി നേതാക്കളെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. അമരാവതിയിൽ നിന്ന് 240 കിലോമീറ്റർ അകലെ ആത്മാകൂറിലാണ് റാലി നടത്താൻ നിശ്ചയിച്ചിരുന്നത്.

ടിഡിപിയുടെ പ്രതിഷേധത്തിനു ബദലായി വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും ബുധനാഴ്ച പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് അക്രമങ്ങൾ നടത്തിയെന്നാരോപിച്ചാണ് റാലി. അക്രമങ്ങളിൽ കൂടുതൽ ദുരിതമനുഭവിച്ചത് ആത്മാകൂർ, പലനാട് എന്നിവിടങ്ങളിലെ ജനങ്ങളാണെന്നും അനുഭവം പങ്കുവയ്ക്കാൻ ആളുകൾ മുന്നിട്ടിറങ്ങണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.