അമിത പിഴ: കേന്ദ്ര നിയമം മാറ്റാനുള്ള സാധ്യത പഠിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോർ വാഹന ഭേദഗതി നിയമം മറ്റ്‌ സംസ്ഥാനങ്ങൾ എങ്ങനെയാണ്‌ നടപ്പാക്കുന്നതെന്ന് പഠിക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സെപ്തംബര്‍ 16 നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ പിഴ പകുതിയാക്കി കുറച്ചതായും വാര്‍ത്തകളുണ്ട്. ഇത്തരം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ നിയമപരമായ നടപടികൾ പഠിച്ച്‌ റിപ്പോർട്ട്‌ നൽകുകയാണ്‌ ചുമതലയെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്. ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്.

ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്പത് ശതമാനമായി കുറച്ച ഗുജറാത്ത് സർക്കാരിന്‍റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വലിയ പിഴ ഈടാക്കുന്നത് ഇപ്പോൾ താല്ക്കാലികമായ നിർത്തിവച്ചിരിക്കുയാണ്. ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്ക് പകരം ബോധവൽക്കരണം നല്‍കും.

ഭേദഗതി നിയമം നടപ്പാക്കിയത്‌ കേരളത്തിന്റെ നിർദേശങ്ങൾ പാടെ അവഗണിച്ചാണെന്നും. വ്യക്തമായിട്ടുണ്ട്. സംസ്ഥാന താൽപ്പര്യത്തെയും പൊതുഗതാഗത മേഖലയെയും ഇതെങ്ങനെ ബാധിക്കുമെന്ന്‌ പഠിച്ച്‌  ഗതാഗതവകുപ്പ്‌ നിർദേശം സമർപ്പിച്ചിരുന്നു. അവയെല്ലാം തള്ളിയാണ്‌ കേന്ദ്രം നിയമം പാസാക്കിയത്‌. നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി നടന്ന ഗതാഗതമന്ത്രിമാരുടെ രണ്ട്‌ യോഗത്തിലും കേരളം ഇതിനെതിരായ പ്രതിഷേധം അറിയിച്ചിരുന്നു. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാർ ബില്ലിനെ പിന്തുണച്ചപ്പോഴായിരുന്നു ഇത്‌. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ കൈയടിച്ച്‌ പിന്തുണച്ച കോൺഗ്രസാണ്‌ ഇപ്പോൾ അതിനെതിരെ രംഗത്തെത്തിയത്‌.