ഭീകരാക്രമണ സാധ്യത: എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് വി.മുരളീധരൻ

ഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരളത്തിനും നിർദ്ദേശം പാലിക്കാൻ ഭരണഘടനാ പരമായ ഉത്തരവാദിത്വമുണ്ട്. അത് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. കഴിഞ്ഞദിവസമാണ് ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കരസേന മുന്നറിയിപ്പ് നൽകിയത്.

ഗുജറാത്തിലെ കച്ചിന് സമീപം സിർക്രീക്കിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെത്തിയതായി കരസേന ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഭീകരാക്രമണ സാധ്യത മുൻനിർത്തി ദക്ഷിണേന്ത്യയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തതായും ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേന ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി അറിയിച്ചു.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു. ബസ് സ്റ്റാൻറുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്കു സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും.