‘ഒഴിഞ്ഞുപോയില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരും’; ഫ്ലാറ്റ് ഉടമകൾക്ക് നഗരസഭയുടെ നോട്ടീസ്

കൊച്ചി: തീരദേശനിയമം ലംഘിച്ചതിന് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍ക്ക് നഗരസഭ നോട്ടിസ് നൽകി. അഞ്ചുദിവസത്തിനകം സാധനങ്ങള്‍ നീക്കി ഒഴിഞ്ഞുപോകണമെന്നും, അല്ലാത്തപക്ഷം വിചാരണ നേരിടേണ്ടിവരുമെന്നുമാണ് നഗരസഭയുടെ മുന്നറിയിപ്പ്. ജെയ്ന്‍ ഫ്ലാറ്റില്‍ നോട്ടീസ് പതിക്കാന്‍ അധികൃതരെത്തിയപ്പോള്‍ ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസെത്തി ഗേറ്റ് തുറപ്പിച്ചാണ് നോട്ടീസ് പതിപ്പിച്ചത്.

ഫ്ലാറ്റുടമകൾക്ക് ഇന്ന് തന്നെ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ അറിയിച്ചതിന് പിന്നാലെയാണ് നടപടി. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കരുതെന്ന വികാരമാണ് കൗൺസിൽ യോഗത്തിൽ പൊതുവായി അംഗങ്ങൾ ഉന്നയിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെട്ട മൂന്നംഗ സമിതി നഗരസഭാ കൗൺസിലിന്‍റെ അഭിപ്രായം തേടാതെയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ റിവിഷൻ ഹർജി നൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രമേയം. ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകളുമായി സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയേയും അംഗങ്ങൾ വിമർശിച്ചു. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് ഫ്ലാറ്റുകൾ പൊളിക്കാനുളള ഉത്തരവിനെ അനുകൂലിക്കരുതെന്നായിരുന്നു പല അംഗങ്ങളും ആവശ്യപ്പെട്ടത്. അതേസമയം കുടി ഒഴിപ്പിക്കലിനെതിരെ നാളെ നഗരസഭക്ക് മുന്നിൽ നിരാഹാര സമരം  നടത്താനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. തിരുവോണ ദിവസം തൂശനില വിരിച്ചായിരിക്കും സമരം.