വാഹനത്തിൽ നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ കേസ്

ഇടുക്കി: മൂന്നാറിൽ വാഹനത്തിൽ നിന്ന് കുഞ്ഞ് റോഡിൽ തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാലനീതിനിയമപ്രകാരമാണ് കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തീരുമാനിച്ചത്.

സംഭവത്തിൽ സംസ്ഥാന ബാലവാകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും വിശദീകരണം തേടി. അതേസമയം, കുഞ്ഞ് എങ്ങനെ വാഹനത്തിൽ നിന്ന് തെറിച്ചുവീണെന്ന് അറിയില്ലെന്നാണ് മാതാപിതാക്കളുടെ പ്രതികരണം. ദീർഘദൂരം യാത്ര ചെയ്തതിൻ്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാണെന്നും കുഞ്ഞ് റോഡിലേക്ക് വീണകാര്യം അറിഞ്ഞില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് കുഞ്ഞ് നഷ്ടപ്പെട്ടതായി മനസ്സിലായതെന്നും ദുഖം സഹിക്കാനാകാതെ താൻ ബോധരഹിതയായെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പളനിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ ദമ്പതികളുടെ കുഞ്ഞ് വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണത്. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല. കുഞ്ഞ് വീണതറിയാതെ ജീപ്പ് മുന്നോട്ടുപോയി. കുട്ടി ഇഴഞ്ഞ് വനം വകുപ്പ് ചെക് പോസ്റ്റിലെത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ പൊലീസിന്‍റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ കാണാതായതോടെ തിരഞ്ഞെത്തിയ മാതാപിതാക്കള്‍ക്ക് പിന്നീട് പൊലീസ് കുട്ടിയെ കൈമാറി.