‘അഞ്ച് ദിവസത്തിനകം ഒഴിയണം’; ഫ്ലാറ്റുടമകൾക്ക് ഇന്നുതന്നെ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് ഇന്നുതന്നെ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ സെക്രട്ടറി. അഞ്ച് ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയണമെന്ന് ഉടമകളോട് ആവശ്യപ്പെടുമെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടിക്കെതിരെ നാളെ നിരാഹാരമിരിക്കുമെന്ന് ഫ്ലാറ്റുടമകൾ അറിയിച്ചു.

കൊച്ചിയിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാനുളള നീക്കത്തിനെതിരെ മരട് നഗസഭാ യോഗത്തിലും അഭിപ്രായമുയർന്നിരുന്നു. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സർക്കാർ തന്നെ സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടമകൾക്ക് നോട്ടീസ് നൽകുന്നതടക്കമുളള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നാണ് നഗരസഭാധ്യക്ഷ നിലപാടെടുത്തത്.

അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കരുതെന്ന് വികാരമാണ് കൗൺസിൽ യോഗത്തിൽ പൊതുവായി അംഗങ്ങൾ ഉന്നയിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെട്ട മൂന്നംഗ സമിതി നഗരസഭാ കൗൺസിലിന്‍റെ അഭിപ്രായം തേടാതെയാണ് സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ റിവിഷൻ ഹർജി നൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രമേയം. ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകളുമായി സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയേയും അംഗങ്ങൾ വിമർശിച്ചു.