ലോകകപ്പ് ഫുട്ബോൾ യോഗ്യത; ഇന്ത്യയ്ക്കിന്ന് രണ്ടാം സന്നാഹ മത്സരം

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലിന്ന് ഇന്ത്യ- ഖത്തർ പോരാട്ടം നടക്കും. ആദ്യ കളിയിൽ ഒമാനെതിരെ ജാഗ്രതക്കുറവുമൂലം ജയം കൈവിട്ട ഇന്ത്യ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെ ജയിക്കണമെങ്കിൽ ശരിക്കും വിയർക്കേണ്ടിവരും. ഒമാനെതിരെ 4 -3 -2 -1 എന്ന ഫോർമാറ്റിലാണ് ഇന്ത്യ കളിച്ചത് .ആദ്യ കളിയിൽ 82 മിനിറ്റുവരെ ഒരുഗോളിന് മുന്നിലായിരുന്നു ഇന്ത്യ. അവസാന എട്ട് മിനിറ്റിൽ രണ്ടുഗോൾ വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയേറ്റത്‌.

തോൽവി ഒഴിവാക്കി സമനില നേടുന്നതുപോലും ഇന്ത്യക്കു ജയിക്കുന്നതിനു സമാനമായിരിക്കും. ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിമൂന്നും ഖത്തർ അറുപത്തിരണ്ടും സ്ഥാനത്താണ്. ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം നടക്കുക. നാൽപത് ഡിഗ്രി ചൂടായതിനാൽ ഇന്ത്യൻ സമയം രാത്രി പത്തിനാണ് കളി തുടങ്ങുക.

ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്കാണ് എന്നതാണ് ഇന്ത്യയെ അലട്ടുന്ന വിവരം. ഛേത്രിയുടെ പരുക്കിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ശനിയാഴ്ച ദോഹയിൽ എത്തിയതിനു ശേഷമുള്ള പരിശീലനത്തിൽ നിന്നു ഛേത്രി വിട്ടുനിൽ‌ക്കുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തർ. ഈ നിർണായക മത്സരത്തിൽ ഛേത്രി ഇറങ്ങിയില്ലെങ്കിൽ, അത് ഇന്ത്യയ്ക്ക് കൂടുതൽ തിരിച്ചടിയാകും.