രാജ്യദ്രോഹക്കുറ്റം; ഷെഹ്‌ല റാഷിദിൻ്റെ അറസ്റ്റ് കോടതി തടഞ്ഞു

ഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിന് ഇടക്കാല സംരക്ഷണം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഷെഹലയുടെ അറസ്റ്റ് തടഞ്ഞത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിനിന്റെ നടപടി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ് ലയോട് കോടതി ആവശ്യപ്പെട്ടു. നവംബര്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഷെഹ്ലക്ക് അറസ്റ്റില്‍ നിന്ന് പരിരക്ഷയുള്ളത്‌.

ഷെഹ്‌ലക്കെതിരെ ഇന്ത്യൻ സൈന്യം പരാതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ കശ്മീരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്‌ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചത്.

രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് ഷെഹ്ല റാഷിദിനെതിരെ കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ഷെഹ് ല റാഷിദ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.