മരട് ഫ്ലാറ്റ് വിഷയം: പുതിയ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചേക്കില്ല

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടിക്കെതിരെ ഫ്ലാറ്റുടമകൾ കഴിഞ്ഞദിവസം നൽകിയ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചേക്കില്ല. നിലവിലെ സുപ്രീംകോടതി ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് നിർദേശമുള്ളതിനാൽ ഉടമകൾ നൽകിയ റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ് പരിഗണിക്കില്ല. ഉത്തരവ് നിലനിൽക്കുന്നതിനാൽ ഹർജികൾ സ്വീകരിക്കുന്നതിന് രജിസ്ട്രിക്കും തടസ്സമുണ്ട്. സമാനമായ റിട്ട് ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. എന്നാൽ വിഷയത്തിൽ പരാതിക്കാർക്ക് തിരുത്തൽ ഹർജി നൽകാനാകും.

അതേസമയം, ഫ്ലാറ്റ് വിഷയത്തിൽ നഗരസഭായോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. നഗരസഭായോഗം കാണാനെത്തിയ ഫ്ലാറ്റുടമകളെ ആദ്യം അകത്തേക്ക് കടത്തിവിട്ടില്ല. പ്രവേശനം നിഷേധിച്ചതിൽ നഗരസഭായ്ക്ക് മുന്നിൽ ഫ്ലാറ്റുടമകൾ പ്രതിഷേധിച്ചു.

അതിനിടെ നിയന്ത്രിതസ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കാന്‍ കമ്പനികളെ ക്ഷണിച്ചു. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. ഇന്നലെ കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് കടുത്തനീക്കം.