മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ; ഫ്ലാറ്റുടമകൾക്ക് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട്. ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയ്യാറാക്കും. 16ന് അകം താല്‍പര്യപത്രം നല്‍കണം. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും.  തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സില്‍ ഇന്ന് ചേരും. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.

സെപ്റ്റംബർ 20ന് മുമ്പ് ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാനായിരുന്നു സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ച് മരട് നഗരസഭക്ക് സർക്കാർ നോട്ടീസ് നൽകിയിരന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ഏകദേശം 30 കോടി രൂപയാണ് ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി  വ്യക്തമാക്കിയിരുന്നു.ഇന്നലെ മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജില്ലാ കളക്ടറുമായും മരട് നഗരസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം. നഗരസഭയുടെ പരിമിതികള്‍ നഗരസഭ അധികൃതര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടത് നഗരസഭയാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവുമുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.